കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ ഒക്ടോബർ 15 മുതൽ ഉപാധികളോടെ പ്രവർത്തിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും സംസ്ഥാന സർക്കാർ ഇളവ് നൽകിയില്ലെങ്കിൽ തിയേറ്ററുകൾ തുറക്കില്ലെന്ന് ഉടമകൾ അറിയിച്ചു. നികുതി ഇളവിനൊപ്പം തിയേറ്ററുകൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജും നൽകണം. ഇല്ലെങ്കിൽ നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും ഉടമകൾ നിലപാട് വ്യക്തമാക്കി.
വിനോദനികുതി, തദ്ദേശസ്ഥാപന നികുതി, വൈദ്യുതിയുടെ ഫിക്സഡ് ചാർജ് എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ലോക്ക് ഡൗണിനെ തുടർന്ന് എട്ട് മാസമായി തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. തിയേറ്ററും മെഷീനുകളും മറ്റും കേടാകാതിരിക്കാൻ പ്രവർത്തിപ്പിക്കുന്നതിനും തിയേറ്ററുകളിലെ മറ്റ് സംവിധാനങ്ങളും സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും വൈദ്യുതി ഇനത്തിൽ ഒരു തിയറ്ററിന് പ്രതിമാസം മൂന്ന് ലക്ഷം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് ഉടമകളുടെ കൂട്ടായ്മയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈaസേഷൻ ഓഫ് കേരള (ഫിയോക്) സംസ്ഥാന ജനറൽ സെക്രട്ടറി എം സി ബോബി മാധ്യമത്തോട് പറഞ്ഞു.
Also Read:
ആകെ 670 തിയേറ്ററുകളാണ് സംസ്ഥാനത്തുള്ളത്. മേൽപ്പറഞ്ഞ വിഷയങ്ങൾ ഉന്നയിച്ച് നേരത്തേ സർക്കാറിന് കത്ത് നൽകിയിരുന്നു. വീണ്ടും ചർച്ച നടത്തുമെന്നും ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ തിയേറ്ററുകൾ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.